National
ന്യൂഡല്‍ഹി: ഒഡീഷയില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭയിലേക്കു മത്സരിച്ച മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേ വിജയിച്ചു. ബിജു ജനതാദള്‍ (ബിജെഡി), കോണ്‍ഗ്രസ്, സിപിഎം പിന്തുണയോടെ മത്സരിച്ച ദത്തേശ്വര്‍ ഹോതയെ ആണ് ദിലീപ് റേ പരാജയപ്പെടുത്തിയത്. പ്രതിപക്ഷ വോട്ടുകൾ ഔദ്യോഗിക സ്ഥാനാര്‍ഥിക്കു ലഭിച്ചില്ലെന്നാണു പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.
ബിജെഡിയുടെ ദേബി രഞ്ജന്‍ ത്രിപാഠി, സൗവിക് ബിസ്വാള്‍, ചക്രമണി കന്‍ഹാര്‍, സുബാസിനി ജെന, നബ കിഷോര്‍ മല്ലിക്, രമാകാന്ത് ഭോയ് എന്നിവര്‍ക്കുപുറമേ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എമാരായ അരബിന്ദ മൊഹപത്ര, സനാതന്‍ മഹാകുദ് എന്നിവരും കോണ്‍ഗ്രസ് എംഎല്‍എമാരായ സോഫിയ ഫിര്‍ദൗസ്, ദശരഥി ഗമാംഗ്, രമേഷ് ചന്ദ്ര ജെന എന്നിവരും ക്രോസ് വോട്ട് ചെയ്തതായി അഭ്യൂഹങ്ങളുണ്ട്.
ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളുരുവില്‍ താമസിപ്പിച്ചിരുന്നു. ഇവര്‍ക്കു കോഴപ്പണം കൈമാറാന്‍ ശ്രമിച്ച രണ്ടുപേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും ബിജെപി വിജയം സ്വന്തമാക്കുകയായിരുന്നു.
Kerala
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തെ താൻ നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സരിക്കുമോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. പത്തനംതിട്ട സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ നടക്കുന്ന ഭവന സന്ദർശനം പ്രതിസന്ധികൾ മാറ്റും. തുടർഭരണം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി തന്നെ പ്രചാരണത്തെ നയിക്കുമെന്ന് നേരത്തെ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും വ്യക്തമാക്കിയിരുന്നു. ടീമിന്റെ നായകനും മുഖ്യമന്ത്രിയായിരിക്കും. ഭരണത്തുടർച്ചയുണ്ടായാൽ ഭരണകർത്താക്കളെ സംബന്ധിച്ച് അപ്പോൾ തീരുമാനിക്കുമെന്നും ബേബി വ്യക്തമാക്കിയിരുന്നു.
District News
പുൽപ്പള്ളി: എൽഡിഎഫ് ഭരിക്കുന്ന പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റികൾ ബിജെപി പിന്തുണയിൽ യുഡിഎഫിന് ലഭിച്ചു.
ഇന്നലെ നടന്ന ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ വികസന കാര്യം, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച യുഡിഎഫിലെ ഗീത കുഞ്ഞികൃഷ്ണന് 12 വോട്ടുകൾ ലഭിച്ചു.
എൽഡിഎഫ് സ്ഥാനാർഥി കലാ രാജുവിന് ഒന്‍പത് വോട്ടാണ് ലഭിച്ചത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച യുഡിഎഫിലെ സെലിൻ മാനുവലിന് 12 വോട്ട് ലഭിച്ചു.
എൽഡിഎഫിലെ ഷൈജ മഗേഷിന് ഒന്‍പത് വോട്ടാണ് ലഭിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച ബിജെപിയിലെ സുചിത്ര എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നാണ് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻമാരെ തെരഞ്ഞെടുക്കുന്നത്.
എൽഡിഎഫാണ് ഭരിക്കുന്ന പഞ്ചായത്തിൽ എൽഡിഎഫ്-ഒന്‍പത്, യുഡിഎഫ്- എട്ട്, ബിജെപി- നാല് എന്നിങ്ങനെയാണ് കക്ഷിനില. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി വനിതകൾക്കാണ്. അതേസമയം കോണ്‍ഗ്രസ് പാർട്ടി നിർദേശം അനുസരിച്ചാണ് സ്റ്റാൻഡിംഗ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ് അംഗം എം.ടി. കരുണാകരൻ പറഞ്ഞു.
ഇന്ന് നടക്കുന്ന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് ആർക്ക് വോട്ട് ചെയ്യുമെന്നുള്ളത് നിർണായകമാണ്.
കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് പുൽപ്പള്ളിയിൽ വന്നതെന്ന് സിപിഎം ആരോപിച്ചു. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ജില്ല കമ്മിറ്റിയംഗം എം.എസ്. സുരേഷ് ബാബു പറഞ്ഞു.
യുഡിഎഫും ബിജെപിയും ധാരണയിലായതോടെ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയെ താഴെയിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ. പുൽപ്പള്ളി പഞ്ചായത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ് ബിജെപി ധാരണ സംസ്ഥാന തലത്തിൽ ചർച്ചയാക്കാനുള്ള തയാറെടുപ്പിലാണ് എൽഡിഎഫ് നേതൃത്വം
Kerala
പത്തനംതിട്ട: പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന ഭരണസമിതികളില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി (സ്ഥിരം സമിതി) തെരഞ്ഞെടുപ്പുകള്‍ അഞ്ചിന് ആരംഭിക്കും. അഞ്ചു മുതല്‍ ഏഴുവരെയാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്. ജില്ലാ പഞ്ചായത്തില്‍ ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത് കാര്യം, ആരോഗ്യ വിദ്യാഭ്യാസ കാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുണ്ടാകും.
നഗരസഭകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്, വിദ്യാഭ്യാസ കലാകായികം എന്നിങ്ങനെ ആറ് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുണ്ടാകും. കോര്‍പറേഷനുകളില്‍ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണ, നികുതി - അപ്പീല്‍, വിദ്യാഭ്യാസം - കായികകാര്യങ്ങള്‍ എന്നിങ്ങനെ എട്ടെണ്ണമായിരിക്കും.
അതത് തദ്ദേശ സ്ഥാപന വരണാധികാരികളുടെ ചുമതലയിലാണ് തെരഞ്ഞെടുപ്പുകള്‍. സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ രൂപീകരണത്തിനുശേഷം ഓരോ സമിതിയും വെവ്വേറെ യോഗം ചേര്‍ന്ന് അധ്യക്ഷരെ തെരഞ്ഞെടുക്കണം. സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരണത്തിനുശേഷം പ്രത്യേക നോട്ടീസ് നല്‍കിയാണ് ചെയര്മാന്മാരെ തെരഞ്ഞെടുക്കാന്‍ യോഗം ചേരുന്നത്.
എല്ലാ അംഗങ്ങള്‍ക്കും പ്രാതിനിധ്യം
തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ അംഗങ്ങളും ഏതെങ്കിലും ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ അംഗമായിരിക്കണമെന്നതാണ് വ്യവസ്ഥ. ഒരു അംഗം ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ മാത്രമേ അംഗമാകാനും പാടുള്ളൂ. തദ്ദേശ സ്ഥാപന അധ്യക്ഷര്‍ ഒഴികെയുള്ള അംഗങ്ങള്‍ ഇത്തരത്തില്‍ ഉള്‍പ്പെടും.
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലാണ് ഉപാധ്യക്ഷര്‍ ഉള്‍പ്പെടുക. ഈ കമ്മിറ്റിയുടെ അധ്യക്ഷ പദവിയും ഉപാധ്യക്ഷര്ക്കായിരിക്കും. മറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ ഉള്‍പ്പെടുന്നവരില്‍ നിന്നായിരിക്കും അധ്യക്ഷരെ തെരഞ്ഞെടുക്കുക.
എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും ഒരു സ്ഥാനം വനിതാ സംവരണമായിരിക്കും. ധനകാര്യ സ്ഥിരം സമിതി അധ്യക്ഷയാകുന്ന ബന്ധപ്പെട്ട തദ്ദേശ സ്ഥാപന വൈസ് പ്രസിഡന്റ് വനിതയാണെങ്കില്കൂടി മറ്റൊരു അംഗത്തെ ധനകാര്യ സ്ഥിരം സമിതിയില്‍ ഉള്‍പ്പെടുത്താം.
എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലും ഒരു വനിത ഉള്പ്പെടണമെന്നതിനാൽ വനിതാസംവരണ സ്ഥാനങ്ങളാകും ആദ്യം നികത്തുക. ഏതെങ്കിലും സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് സ്ത്രീസംവരണ സ്ഥാനത്തേക്ക് നാമനിര്‍ദേശം ലഭിക്കാത്തതു മൂലം അംഗത്തെ തെരഞ്ഞെടുക്കാന്‍ കഴിയാതെ വന്നാല്‍ വീണ്ടും യോഗം ചേര്‍ന്ന് സ്ത്രീസംവരണ സ്ഥാനം നികത്തണം.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി തലപ്പത്തും വനിതകള്‍
ഉപാധ്യക്ഷസ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഒരു പഞ്ചായത്തില്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഒഴികെയുള്ള ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ അധ്യക്ഷസ്ഥാനം കൂടി വനിതയ്ക്കു ലഭിക്കും. ഉപാധ്യക്ഷസ്ഥാനം വനിതയ്ക്കു സംവരണം ചെയ്തിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ധനകാര്യ കമ്മിറ്റി ഒഴികെയുള്ള രണ്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം വനിതയ്ക്കു ലഭിക്കും.
എന്നാല്‍, ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം വനിതയ്ക്കായി സംവരണം ചെയ്തിട്ടുള്ള ഇടങ്ങളില്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഒഴികെയുള്ള രണ്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലെ അധ്യക്ഷസ്ഥാനങ്ങളും വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടില്ലാത്ത ഇടങ്ങളില്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഒഴികെയുള്ള മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലെ അധ്യക്ഷസ്ഥാനവും വനിതകള്‍ക്കാണ്.
വൈസ് പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം കൂടി വനിതകള്‍ക്ക് ലഭിക്കും. വൈസ് പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ വികസനം, ആരോഗ്യം, വിദ്യാഭ്യാസം സമിതികളുടെ അധ്യക്ഷപദവികൂടി ലഭിക്കും.
ജില്ലാ പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കാണെങ്കില്‍ വികസനം, ആരോഗ്യം സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷപദവികളായിരിക്കും വനിതകള്‍ക്കു ലഭിക്കുക.
Kerala
മലപ്പുറം: യുഡിഎഫ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർഥി വെട്ടത്ത് ഹസീന (52) മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
ഞായറാഴ്ച പ്രചാരണത്തിനുശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം സംസ്കരിച്ചു. പായിമ്പാടം അങ്കണവാടി അധ്യാപികയായ ഹസീന മുസ്ലീം ലീഗിന്റെ സജീവ പ്രവർത്തകയായിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് രണ്ട് ഘട്ടമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 33,711 പോളിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നു. ത്രിതല പഞ്ചായത്തുകളിൽ 28,127, മുനിസിപ്പാലിറ്റികളിൽ 3569, കോർപ്പറേഷനുകളിൽ 2015 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്.
ഡിസംബർ ഒൻപത്, 11 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പിൽ പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
പോളിംഗ് സ്റ്റേഷനുകളിലേയും അവയുടെ പരിസരത്തെയും എല്ലാ പ്രവർത്തനങ്ങളിലും പൂർണമായും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷൻ നിർദ്ദേശിച്ചു.
വോട്ടെടുപ്പ് ദിവസം ഉപയോഗശൂന്യമായ പേപ്പറുകളും മറ്റ് പാഴ്വസ്തുക്കളും വേർതിരിച്ച് ശേഖരിക്കാനും ഹരിത ചട്ടങ്ങളനുസരിച്ച് നശിപ്പിക്കാനും അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. ആവശ്യമായിടത്ത് ഹരിതകർമ്മസേനയുടെ സേവനം പ്രയോജനപ്പെടുത്തണം.
പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളിൽ വൈദ്യുതി, കുടിവെള്ളം, ഫർണിച്ചറുകൾ, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കണം. വോട്ടർമാർക്ക് കാത്തിരിപ്പിനായി പുറത്ത് ബെഞ്ചുകളും കസേരകളും തണലിനുള്ള സൗകര്യങ്ങളും ഒരുക്കണം.
പോളിംഗ് സ്റ്റേഷനുകളിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യമൊരുക്കുന്നതിന് ശ്രദ്ധ നൽകണം. കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് റാമ്പ് സൗകര്യമില്ലെങ്കിൽ അത് താൽക്കാലികമായി ഒരുക്കണം. ഇവർക്കായി വിശ്രമസൗകര്യം പോളിംഗ് സ്റ്റേഷനിലോ സമീപത്തോ സജ്ജീകരിക്കണം.
കാഴ്ചപരിമിതർ, ഭിന്നശേഷിക്കാർ, രോഗികൾ, മുതിർന്നവർ എന്നിവർക്ക് ക്യൂ നിൽക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണം. അന്ധതയുള്ളതോ അവശതയുള്ളതോ ആയ വോട്ടർമാർക്ക് ഒരു സഹായിയെ അനുവദിക്കുന്നതിനും പ്രത്യേക നിർദ്ദേശം നൽകണം.
പോളിംഗ് ദിവസവും തലേദിവസവും ആവശ്യമായ ലൈറ്റും ഫാനുകളും പ്രവർത്തനക്ഷമമാക്കണം. വൈദ്യുതി, വെള്ളം എന്നിവ കെട്ടിടത്തിൽ ലഭ്യമല്ലെങ്കിൽ കെഎസ്ഇബി, വാട്ടർ അതോറിറ്റി പ്രാദേശിക ഓഫീസുകളുമായി ബന്ധപ്പെട്ട് അത് ഉറപ്പാക്കണം.
സാധിക്കാത്തപക്ഷം പോർട്ടബിൾ സംവിധാനങ്ങൾ ഏർപ്പെടുത്തണം. വെളിച്ചമില്ലാത്ത സാഹചര്യങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ നിർബന്ധമായും സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.